മുംബൈയിലെ അവാർഡ് നിശയിൽ വീണ്ടും ഫാഷൻ വിസ്മയമായി ബി ടൗൺ സ്വപ്നതാരം ഭൂമി പെഡ്നേക്കർ. സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും ഫാഷൻ പരീക്ഷണങ്ങളിലൂടെയും റെഡ് കാർപെറ്റുകളിൽ തിളങ്ങാറുള്ള താരം ഇത്തവണ അതിമനോഹരമായ ഐസി ബ്ലൂ ഗൗണിലാണ് ആരാധകരുടെ മനം കവർന്നത്. റൊമാനിയൻ ഡിസൈനർ റിയ കോസ്റ്റ രൂപകൽപ്പന ചെയ്ത ലോറൻ ഡ്രസ് ഇൻ സ്കൈ ബ്ലൂ - എന്ന ലക്ഷ്വറി ഗൗൺ ആണ് ഭൂമി ധരിച്ചത്. ഏകദേശം 4,11,280 രൂപയാണ് ഈ ആഡംബര ഗൗണിന്റെ വിപണിമൂല്യം.
ആധുനികതയും ചാരുതയും ഒരുപോലെ ഇഴചേർന്നതായിരുന്നു ഭൂമിയുടെ വസ്ത്രം. ഹാൽട്ടർ നെക്ക്ലൈനും മൃദുവായ ഡ്രേപ്പിംഗും ചേർന്ന ഗൗണിന്റെ ഡിസൈൻ താരത്തിന്റെ തോളഴകിന് കൂടുതൽ മനോഹാരിത നൽകി. ശരീരവടിവിനോടു ചേർന്നുനിൽക്കുന്ന ഫിറ്റഡ് കോർസെറ്റ് ബോഡിസും വസ്ത്രത്തിന്റെ പ്രത്യേകതയായിരുന്നു. കൈകൊണ്ട് തുന്നിപ്പിടിപ്പിച്ച മുത്തുകളും എംബ്രോയ്ഡറി വർക്കുകളുമായിരുന്നു ലോറൻ ഡ്രസിന്റെ ഏറ്റവും വലിയ ആകർഷണം. പ്രകാശം തട്ടിത്തിളങ്ങുന്ന വിധത്തിലാണ് ഗൗണിന്റെ ഡിസൈൻ.